Skip to main content

2010poornachandran-2010ലെ ആദ്യത്തെ പൌര്‍ണമി

 
ഈ വര്‍ഷത്തെ ഏറ്റവും വലിയതും തെളിച്ചവുമുള്ള പൂര്‍ണ്ണചന്ദ്രന്‍. സാധാരണ ഉള്ളതിനേക്കാള്‍ 15 % വലിപ്പവും 30 % തെളിച്ചവും ഉള്ള ചന്ദ്രന്‍ മാനത്തുദിക്കും. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണമാര്‍ഗത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഏറ്റവും ഭംഗിയേറിയ ചന്ദ്രനെ കാണാം. 
ഈ വാര്‍ത്ത അറിഞ്ഞു ഞങ്ങള്‍ വളരെ സന്തോഷിച്ചു. 2010 ലെ ആദ്യ സൂര്യഗ്രഹണം കണ്ട ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്. പ്രപഞ്ചത്തിന്റെ ഈ പ്രതിഭാസവും കാണാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 8 മണിയോടെ വ്യക്തമായി കാണാന്‍ കഴിയും എന്നായിരുന്നു അറിയിപ്പ്. എട്ടു മണിക്ക് തന്നെ ഞങ്ങള്‍ പുറത്തിറങ്ങി മാനത്തേക്ക് നോക്കി. നിറയെ മരങ്ങളുള്ളതിനാല്‍ ശിഖരങ്ങള്‍ക്കിടയിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ചന്ദ്രനെ കാണാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ വ്യക്തമായ ദൃശ്യത്തിനായി ടെറസിന് മുകളില്‍ കയറി. ഇതാ ഞങ്ങളുടെ തൊട്ടു മുന്നില്‍ നിലാവിന് മുന്നിലെ മൂടുപടം അഴിഞ്ഞുവീഴുകയായിരുന്നു. ആ നിലാവെളിച്ഛത്തിലെക്ക് നോക്കി   നില്‍ക്കുമ്പോള്‍ ഉണ്ടായ സ്വര്‍ഗീയാനുഭൂതി വിവരിക്കത്തക്കതല്ല. തീനാളത്തിലെക്ക് ആകൃഷ്ടരായി ശലഭങ്ങള്‍  മരിക്കാറുണ്ട്. ഒരിക്കല്‍ പൊള്ളല്‍ ഏറ്റ് രക്ഷപെട്ട ശലഭം വീണ്ടും ആ തീനാളത്തില്‍ ആകൃഷ്ടനായി പറന്നെത്തി ജീവന്‍ വെടിയുന്നു. മരണം ഒരനുഭൂതിയാകുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ഭാരം കുറയുന്നു. അതേ പോലെ തന്നെ ഉള്ള സുഖം. ഇനി മരിച്ചാലും കുഴപ്പമില്ല എന്ന് തോന്നുന്നത്ര മനസ്സുഖം. ആ ദിവ്യപ്രകാശഗോളത്തെ കണ്ടാല്‍ മതിമറന്നു പോകും. കുറെയേറെ നേരം നോക്കി നിന്നാല്‍ വീണ്ടും അകലം കുറയുന്നതായി തോന്നും. കണ്ണെടുക്കാതെ വളരെയേറെ നേരം ഞങ്ങള്‍ പൂര്‍ണചന്ദ്രനെ നോക്കി നിന്നു. ഞങ്ങളുടെ നേരെ മുന്നിലാണ് അത്. മുകളിലേക്ക് തല ഉയര്‍ത്തേണ്ട ആവശ്യം വന്നില്ല. ഒരു മായാലോകത്തിലെത്തിയ പ്രതീതി. വളരെ വേഗം അവിടെയെത്താം എന്ന് തോന്നി പോയി. കവികള്‍ എന്തിനു ചന്ദ്രനെ പലപ്പോഴും വിഷയമാക്കി എന്ന് മനസ്സിലായ നിമിഷം. മനുഷ്യന്റെ ശരീരത്തില്‍ കുറെയേറെ ശതമാനം ജലാംശം ഉണ്ട്. പൂര്‍ണചന്ദ്രന് കടല്‍ത്തിരകളെ ഉയര്‍ത്താന്‍ ഉള്ള പ്രത്യേക കഴിവുണ്ട് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. അപ്രകാരം ഒരു തിരയിളക്കം നമ്മളുടെ മനസ്സിലും ശരീരത്തിലും ഉണ്ടാകാറുണ്ട്. ലൂണാര്‍ എന്ന് പറയുന്നതും 'ലൂനസി' എന്ന് പറയുന്നതും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. 
അത് ശരിയായാലും തെറ്റായാലും ഒന്ന് സത്യമാണ്. 2010 ലെ ഏറ്റവും പ്രകാശമുള്ളതും ഏറ്റവും അടുത്തതും മനോഹരവുമായ പൌര്‍ണമി ഞങ്ങള്‍ കണ്ടിരിക്കുന്നു. 

Comments

Popular posts from this blog